ഒറ്റപ്പാലം: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവർ സഞ്ചരിച്ചതായി കരുതുന്ന പിക്കപ്പ് വാഹനം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് കുടുംബത്തെ കാണാതായത്. ചെർപ്പുളശ്ശേരി വഴിയാണ് ഇവർ പോയതെന്നാണ് സിസി ടിവി കാമറകൾ വഴി നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം ഇവരുടെ വീട്ടിൽനിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. വാണിയംകുളം പനയൂരിൽ നിന്നാണ് മൂന്നംഗകുടുംബത്തെ അഞ്ചുദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്.
കൃഷ്ണകൃപ വീട്ടിൽ താമസിക്കുന്ന ബാബു ഭാസ്കർ (68) ഭാര്യ രമാദേവി(65) ഇവരുടെ മകനായ വിഷ്ണു (32) എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഈ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതായത്. സ്ഥിരമായി വീടിന് പുറത്തിറങ്ങാറുള്ള ഇവർ പെട്ടെന്ന് അപ്രത്യക്ഷരായതോടെയാണ് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചത്. ഇവരുടെ വീട് ദിവസങ്ങളായി പൂർണമായും പൂട്ടിക്കിടക്കുന്ന നിലയിലാണ്.
കോട്ടയത്തേക്ക് എന്തെങ്കിലും ആവശ്യത്തിനു പോയതായിരിക്കാം എന്നാണ് അയൽവാസികൾ ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയംതോന്നി ബന്ധുക്കളുടെ വീടുകളിലുംമറ്റും അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഇവർ ഷൊർണൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ വ്യാഴാഴ്ച രാവിലെ മുതൽ മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഈ ഫോണുകളുടെ അവസാന ലൊക്കേഷൻ കാണിക്കുന്നത് ഇവരുടെ പനയൂരിലെ വീടിന്റെ പരിസരത്ത് തന്നെയാണെന്നത് സംഭവത്തിന്റെ ദുരൂഹത കൂടുതൽ വർധിപ്പിക്കുന്നു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം നടത്തുന്നതിന്നിടയിലാണ് വഴിക്കടവ് ചുരത്തിൽ വാഹനം കണ്ടെത്തിയത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളാണ് തിരോധാനത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.